Monday, 30 November 2009

സമയമാം രഥത്തില്‍ ഞാന്‍…..

1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ചെറുസെറ്റുകള്‍ / പള്ളിക്കാര്‍ കരോളുമായി വന്നു. പത്ത്‌ രൂപയായിരുന്നു അമ്മ കരോളുകാര്‍ക്ക്‌ വെച്ചിരുന്ന ബഡ്‌ജറ്റ്‌. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്‌ജറ്റ്‌ പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര്‍ ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട്‌ ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ്‌ പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച്‌ ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക്‌ ഇത്‌ ഒരു വിസ്‌മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക്‌ കയറി വന്നപ്പോള്‍, അമ്മ ആ വലിയ അഞ്ചിന്റെ നോട്ട്‌ നീട്ടിയപ്പോള്‍ ഞെട്ടിയത്‌ അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി..... ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്‌, ആള്‍ക്കാര്‍, അറേഞ്ച്‌മെന്റ്സ്‌ എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത്‌ എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച്‌ കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ. വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന്‍ എന്തൊക്കെയോ പിറു പിറുത്ത്‌ വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക്‌ തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്‌, അവര്‍ എന്ത്‌ വിചാരിച്ച്‌ കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട്‌ വായ അടച്ച മിണ്ടാതെയിരുന്നു.

പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ്‌, കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ്‌ ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ്‌ ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ്‌ പിതാവ്‌ ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച്‌ രൂപാ തന്നെ കൊടുത്ത്‌ അവരെയും ഞെട്ടിച്ചു. അഞ്ച്‌ രൂപാ കണ്ട്‌, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത്‌ കയറി പോന്നു. ഹും കുടിച്ച്‌ കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്‌...ഇവന്‍ ഒക്കെ തണുപ്പത്ത്‌ പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു.

പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്‌.

വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമനയാണെങ്കില്‍ ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ ഫ്രഷ്‌ വാറ്റിന്റെ ക്വാളിറ്റി ടെസ്റ്റിന്റെ, ഗിനിപിഗ്‌ ആക്കാന്‍ ഇരയെ വീടിന്റെ ഇറയത്ത്‌ കിട്ടിയ സന്തോഷത്തില്‍ പുഷ്‌ പുള്ളും, വടക്ക്‌ നോക്കിയും എടുത്ത്‌ വീശി. ഫാദര്‍ ബാബുക്കുട്ടിക്ക്‌ ഇവ രണ്ടും കൂടി കയറി കോര്‍ത്തപ്പോള്‍ രായമാണിക്യത്തിലെ മമ്മൂക്കയെ പോലെ അയകൊയ ആയി. കരോളുകാരെയും നയിച്ച്‌ രായമാണിക്യം പോകുമ്പോള്‍, ദേ!!! ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം.

ബോധം ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും കുളിമുറിയും, കിടപ്പ്‌ മുറികളും വീക്ക്‌ പോയിന്റായ ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി, ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദര്‍ ഇത്രയും കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ്‌ പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും ഒക്കെ വെച്ച്‌ പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട്‌ ശബ്ദം ഉണ്ടാക്കി. ഇതല്ല, ഇതിനേക്കാളും വലിയ ചൈന വന്മതില്‍ താന്‍ ചാടി കടക്കുമെന്ന ഭാവത്തില്‍ ചാടിയ ഫാദര്‍, നേരെ പട്ടിയുടെ വായിലേക്കാണു വീണത്‌. ഭാഗ്യത്തിനു പാന്റ്‌, പട്ടി നേരത്തെ ഊരിയെടുത്തതിനാല്‍ ഫാദര്‍ കെയര്‍ ഫ്രീയായി ഓടി. ശത്രു കീഴടങ്ങിയാല്‍ ഉപദ്രവിക്കരുതെന്ന സാമാന്യ മര്യാദയറിയാത്ത ആ നായിന്റെ മോന്‍, നമ്മുടെ ഫാദറിനെ പിന്നെയും ഓടിച്ചു. ഏതായാലും ഓട്ടത്തിനിടയില്‍, പഞ്ചായത്ത്‌ പൈപ്പില്‍ കാലു തട്ടി നമ്മുടെ രായമാണിക്യം ധിം തരികിട ധോം!!! പഞ്ചായത്ത്‌ പൈപ്പ്‌ കണ്ടപ്പോള്‍, ശത്രുവിനെ മറന്ന്, പട്ടി, ഓട്ടോമാറ്റിക്കായി കാലു പൊക്കി ഒന്ന് നന്നായി ‘റിലാക്സ്‌’ ചെയ്തു...

ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര്‍ അടുത്ത വീട്ടില്‍ ചെന്ന് പാട്ട്‌ പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്‌. അവര്‍ പിന്നീട്‌ കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച്‌ ഫാദറിനെ അന്വേഷിച്ച്‌ നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വേദവാക്യം പോലെ പൈപ്പിന്‍ ചുവട്ടില്‍ കുപ്പായം മാത്രമിട്ട്‌ ഷക്കീലെയെക്കാട്ടിലും ഡീസെന്റായി കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി

പിന്നെ അവിടുന്നുള്ള യാത്ര രായമാണിക്യത്തിനെ സംബന്ധിച്ചിടത്തോളം രാജകീയമായിരുന്നു. കൈ കാലുകളില്‍ തൂക്കിയെടുത്ത്‌ ആട്ടി ആട്ടി ഷാപ്പ്‌ മേറ്റ്‌സ്‌ ഹാന്‍ഡില്‍ 'വിത്ത്‌' കെയറായി ഫാദറിനെ ♪♪സമയമാം രഥത്തില്‍ ഞാന്‍; സ്വര്‍ഗ്ഗയാത്ര ചെയുന്നൂ ♪♪ വെന്ന അത്യപൂര്‍വ്വമായ കരോള്‍ ഗാനം പാടി വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇനി ഞാനായി എടുത്ത്‌ പറയണോ????.

Saturday, 31 October 2009

ഇമ്മിണി ബലിയ ഒരു "A" സിനിമ.

മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്‌:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക്‌ കൊണ്ട്‌ പോയി. പണ്ട്‌ സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച്‌ കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത്‌ പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച്‌ നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ്‌ മിഠായി വില്‍പ്പനക്കാരന്‍.

അന്ന് 5 പൈസക്ക്‌ കിട്ടിയിറുന്ന പോത്തണ്ടി [ചക്കര] മിഠായിയും, പച്ച പേപ്പറില്‍ പൊതിഞ്ഞ്‌ കിട്ടിയിരുന്ന ന്യൂട്രിന്‍ മിഠായിയും, ഗ്യാസ്‌ മിഠായിയ്ക്കും, നെയ്യ്‌ ബൂസ്റ്റിനും ഒക്കെ എന്തായിരുന്നു രുചി...

എന്റെ കുഞ്ഞും നാളില്‍ സിനിമാ കാണണമെങ്കില്‍...അതൊരു ചടങ്ങായിരുന്നു. തോമസ്‌ ഐസക്ക്‌, കേന്ദ്രത്തോട്‌ കടം വാങ്ങുന്നത്‌ ഇതിലും എളുപ്പമാണെന്നാണു എനിക്ക്‌ തോന്നുന്നത്‌. മലയാള സിനിമയില്‍ വൃത്തിക്കേടുകള്‍ ഉള്ളതിനാല്‍ അപ്പ ഞങ്ങളെ ഇംഗ്ലീഷ്‌ സിനിമകള്‍ക്കെ കൊണ്ട്‌ പോവുകയുള്ളു. ഹൊ!!! മലയാള സിനിമയെ കാട്ടിലും വള്‍ഗര്‍ അല്ലെ, ഇംഗ്ലീഷ്‌ സിനിമായെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍, നിങ്ങളെയും കടത്തി വെട്ടുന്ന ബ്രയിന്‍ ഉള്ള അപ്പ, " ദി ആനിമല്‍ കിങ്ങ്ഡം", "ദി കിംഗ്‌ എലിഫന്റ്‌","ദ ജംഗിള്‍ ബുക്ക്‌" മുതലായ കാടും, മൃഗങ്ങളും ഇതിവൃത്തമായ സിനിമകള്‍ക്കാണു ഞങ്ങളെ കൊണ്ട്‌ പോകാറു. സൊമാലിയക്കാരന്റെ മുന്‍പില്‍ എക്സ്‌പെയറി ഡെയറ്റ്‌ കഴിഞ്ഞ ഫുഡും അമൃത്‌ എന്ന് പറഞ്ഞത്‌ മാതിരി, അപ്പയുടെ ഈ കാടന്‍ സ്നേഹവും സാഹശ്‌ചര്യ സമ്മര്‍ദ്ദം മൂലം ഞങ്ങളും അമൃതായി തന്നെ സ്വീകരിച്ചു. എന്നാലും സ്ക്കൂളില്‍ പോകുന്ന വഴിയില്‍ അവളുടെ രാവുകളിലെ സീമാ ചേച്ചി മുട്ടോളം ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ എണ്ണിയും, രതി നിര്‍വേദം, തകര, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ ഓസ്ക്കാര്‍ അവാര്‍ഡ്‌ സിനിമകളുടെ പോസ്റ്റര്‍ നോക്കിയും, നോക്കാതെയും ആശ്വസം അടക്കിയിരുന്ന ഒരു കാലം.

പിന്നെ മലയാള സിനിമാ കാണാന്‍ പറ്റുന്ന ഏക സമയം ഓണത്തിനാണു. പൊടിയാടി വായനശാലയുടെ ആഭിമുഖ്യത്തില്‍, പൊടിയാടി എല്‍.പി സ്ക്കൂളിലെ ഏതെങ്കിലും ക്ലാസ്സ്‌ മുറിയില്‍ വെച്ച്‌ കാഞ്ചന സീത, കണ്ടം വെച്ച കോട്ട്‌ മുതലായ ഹിറ്റ്‌ പടങ്ങള്‍, അന്നത്തെ വായനശാലയുടെ സെക്രട്ടറിയുടെയോ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ കീറിയതും, പറിഞ്ഞതുമായ ഒരു ഡബിള്‍ മുണ്ട്‌ വലിച്ച്‌ കെട്ടി കാണിക്കും. പല സിനിമകളും മുഴുവന്‍ കാണാന്‍ പറ്റില്ല. കാരണം സിനിമായിലെ നായകന്‍ അടി പൊളി രണ്ട്‌ ഡയലോഗസ്‌ പറയുമ്പോളോ, ഒരു ബലാല്‍സംഗത്തിനു തയ്യറെടുക്കുമ്പോഴും ഒക്കെ റീല്‍ പൊട്ടി പോകും. പിന്നെ ഒട്ടിച്ച്‌ കാണികുമ്പോള്‍ അടുത്തത്‌ കാണുന്നത്‌ THE END എന്നുമായിരിക്കും. എന്റെ ഈ ദുര്‍ഗതി ലോകത്ത്‌ ഒരു മകനും ഉണ്ടാകരുതേയെന്ന് സൈക്കിള്‍ ബ്രാന്‍ഡ്‌ 3 ഇന്‍ വണ്‍ അഗര്‍ബത്തികള്‍ കത്തിച്ച്‌ നെഞ്ചുരുകി പ്രാര്‍ത്ഥിച്ച്‌ നടന്നിരുന്ന ഒരു സമയം.. ഹോ!!! അണ്‍സഹിക്കബിള്‍ കാലഘട്ടം.

തിരുവല്ലയില്‍ പണ്ട്‌ രണ്ടെ, രണ്ട്‌ സിനിമാ കൊട്ടകകളാണുള്ളത്‌. തിരുവല്ല ദീപാ തിയേറ്ററും, സി.വി.എം-ഒ/സി തിയേറ്ററും. [ഒ/സി- ഓല കൊട്ടകയുടെ ചുരുക്കെഴുത്ത്‌]. സി.വി.എം പേരു പോലെ തന്നെ “സീറ്റിനടിയില്‍ വലിയ മൂട്ടകളെ” മൊത്തമായും, ചില്ലറയായും വളര്‍ത്തുന്ന തിയേറ്റര്‍. ഈ തിയേറ്ററിലാണു ഇംഗ്ലീഷ്‌ സിനിമകള്‍ വരുന്നത്‌. ആയതിനാല്‍ ഇതായിരുന്നു ഞങ്ങളുടെ പഴയ വീഗാലാന്‍ഡ്‌. വീഗാ ലാന്‍ഡില്‍ വെള്ളത്തില്‍ നിന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലെ തന്നെ, സിനിമാ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ സീറ്റിന്റെ അടുത്ത മൂലയിലേക്ക്‌ മാത്രം മാറി നിന്ന് മൂത്രം ഒഴിക്കാന്‍ സൗകര്യമുള്ള “റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ തീയേറ്റര്‍” കൂടിയായിരുന്നു ഇത്‌.

വല്ലപ്പോഴുമാണു സിനിമയ്ക്ക്‌ പോകുന്നത്‌. അതിനാല്‍ സമയത്തിനു മുന്‍പേ ആ തീയറ്ററില്‍ പോയി, കപ്പലണ്ടിയും, പപ്പട ബോളിയും ഒക്കെ വാങ്ങി സിനിമയ്ക്ക്‌ കയറിയാല്‍ പിന്നെ തീരുന്നത്‌ വരെ കണ്ണ്‍ ചിമുക്കാതെ സ്ക്രീനില്‍ തന്നെ നോക്കിയിരുന്ന് ഒറ്റ സീനും മിസ്സാക്കതെയിരുന്ന് കാണും. ആ സമയത്ത്‌ സിനിമയ്ക്ക്‌ മുന്‍പെ ന്യൂസ്‌ റീല്‍ എന്നൊരു ഏര്‍പ്പാടും ഉണ്ടായിരുന്നു. 1946- മഹാത്മാഗാന്ധിയും, നെഹറുവും ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വേണ്ടി നടത്തിയ സമര കഥകളിലെ മലയാളം ഡയലോഗസ്‌ വരെ കാണാതെ പഠിച്ച്‌ ആത്മ സംതൃപ്തി നേടിയിരുന്ന ആ കാലം.

അങ്ങനെയുണ്ടായിരുന്ന ആ കാലത്താണു ഈ സംഭവം നടന്നത്‌. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. അന്ന് പതിവു പോലെ ഉച്ച ഭക്ഷണവും ഒക്കെ കഴിച്ച്‌, അപ്പ പത്രവും എടുത്ത്‌ ഉച്ചയുറക്കത്തിനായി പോയി. ഞാനും അപ്പയെ പതിയ അനുധാവനം ചെയ്തു. അപ്പ വായിച്ചു തള്ളുന്ന പത്രത്തിലെ സിനിമാ പരസ്യങ്ങളും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആ സമയത്താണു എന്റെ മനസ്സിനെ പുളകം ചാര്‍ത്തുന്ന ആ സംഭവം എന്റെ കണ്ണില്‍പെട്ടത്‌.സൂപ്പര്‍ ലോട്ടോ അടിച്ച പാണ്ടിക്കാരനെ പോലെ ഞാന്‍ ആര്‍ത്തട്ടഹസിച്ചു.. അപ്പയോടു പറഞ്ഞു... അപ്പാ.. തിരുവല്ലാ ദീപാ തീയെറ്ററില്‍ അടി പൊളി ഇംഗ്ലീഷ്‌ സിനിമ. അപ്പ കൊണ്ടു പോകാമോ? [ഞങ്ങള്‍ ആ സമയം വരെയും ദീപാ തീയെറ്ററില്‍ പോയി സിനിമാ കണ്ടിട്ടില്ല. ദീപാ തിയേറ്റര്‍ ബാല്‍ക്കണിയൊക്കെയുള്ള സിനിമാ തിയേറ്ററുമാണു.] എന്തു സിനിമയാടാ വന്നിരിക്കുന്നത്‌? അപ്പ, പ്ലീസ്‌ അപ്പാ.. അപ്പ കൊണ്ട്‌ പോകുമോ?? പ്ലീസ്‌ അമ്മാ.. ദേ ദീപാ തിയേറ്ററില്‍ ഇംഗ്ലിഷ്‌ സിനിമാ... ചേച്ചി ഇങ്ങോട്ട്‌ വായോ... ഞാന്‍ അലറി കൂവി.

എന്റെ കൂട്ട നിലവിളി കേട്ട്‌ അമ്മ അടുക്കളയില്‍ നിന്നും, ചേച്ചി അടുത്ത മുറിയില്‍ നിന്നും രംഗ പ്രവേശനം നടത്തിയപ്പോള്‍ തപ്പി തടഞ്ഞ്‌ ഞാന്‍ ആ സിനിമയുടെ പേരു വായിച്ചു... P R E G N A N C Y & Child Birth... സിനിമായുടെ പേരു വായിച്ച്‌ ഞാന്‍ തല ഉയര്‍ത്തിയപ്പോഴെയ്ക്കും, കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ ജനക്കൂട്ടത്തെ ഓടിച്ച്‌ വിട്ട പോലീസ്‌ കണക്കെ ഞാനും ആ പത്രവും മാത്രം അവിടെ. പിന്നെ എനിക്കും അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. ആര്യഭട്ട വിക്ഷേപിച്ച ശേഷം അത്‌ എപ്പോള്‍ ആരുടെ മണ്ടയില്‍ വീഴുമെന്നറിയാതെയിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഓടുന്ന കണക്കെ തന്നെ ഞാനും ഓടി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യവുമായി....

തിങ്കളാഴ്ച്ച സ്ക്കൂളില്‍ പോകാനായി റോഡില്‍ ചെന്നപ്പോള്‍ കണ്ണപ്പന്‍ ചേട്ടന്റെ ചായക്കടയുടെ മുന്‍പില്‍, ദാ താന്‍ കടുക്കട്ടിയായി വായിച്ച്‌ എല്ലാവരെയും ഓടിച്ച ഇംഗ്ലീഷ്‌ സിനിമയുടെ പോസ്റ്റര്‍. അത്‌ കണ്ടപ്പോള്‍ തന്നെ ആ പോസ്റ്ററിലെ പെണ്ണിനെ പോലെ എനിക്കും അങ്ങ്‌ 'വയറു നിറഞ്ഞു'. ചേച്ചി ആ പോസ്റ്റര്‍ കണ്ടോയെന്ന് ഏറു കണ്ണിട്ട്‌ നോക്കിയപ്പോള്‍, ചേച്ചി പറഞ്ഞു..ഇതാണു നിനക്ക്‌ കാണാന്‍ പറ്റിയ ഇംഗ്ലീഷ്‌ സിനിമ..അറിയാന്‍ വയ്യാത്ത പൊട്ടത്തരങ്ങള്‍ എല്ലാരുടെയും മുന്‍പില്‍ വെച്ച്‌ വിളമ്പരുത്‌... ഏതായാലും ആ പോസ്റ്റര്‍ മാറുന്നത്‌ വരെ ഞാന്‍ ഡിസെന്റായിരുന്നു.

കോളെജില്‍ കയറിയ ശേഷം സിനിമയ്ക്ക്‌ കൊണ്ട്‌ പോകാമോയെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല..വീട്ടില്‍ ആരുമറിയാതെ ക്ലാസ്സുകള്‍ കട്ട്‌ ചെയ്ത്‌ സിനിമകള്‍ നമ്മള്‍ കണ്ട്‌ ആസ്വദിച്ചു. അപ്പ പണ്ട്‌ കാണിച്ച മാതിരി ഒറ്റ ഇംഗ്ലീഷ്‌ പടം ഞാന്‍ പിന്നെ കണ്ടിട്ടുമില്ല. ജുറാസിക്ക്‌ ഉദ്യാനവും [Jurrasic Park] , ചേരി പട്ടി കോടീശ്വരനും [Slum Dog Millionaire] ഒക്കെ എന്റെ പട്ടിക്ക്‌ പോലും കാണേണ്ട...അല്ല പിന്നെ...